NRI
അബുദാബി: പശ്ചിമേഷ്യൻ സംഘർഷം 39 ദിവസങ്ങൾ പിന്നിടുമ്പോൾ യുഎഇയിലെ സ്വദേശികളും വിദേശികളും ചേർന്ന് വീടുകളിലും ഓഫീസുകളിലും കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്താൻ ദുബായി ഭരണാധികാരിയുടെ ആഹ്വാനം.
യുഎഇയുടെ കരുത്തിന്റെയും പ്രതിരോധശേഷിയുടെയും ഒരുമയുടെയും നിദർശനമായാണ് ദേശീയ പതാക ഉയർത്തുന്നതിന് യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം നിർദേശിച്ചത്.
രാജ്യത്തിന്റെ അചഞ്ചലതയും കരുത്തും ഐക്യവുമാണ് സംഘർഷങ്ങളുടെ ദിനങ്ങളിൽ പ്രകടമായതെന്നു ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിനത്തിൽ യുഎഇയുടെ ആകാശത്തേക്ക് ഇറാനിൽ നിന്ന് ഡ്രോണുകളോ മിസൈലുകളോ എത്തിയില്ലെന്നതും ശ്രദ്ധേയമായിരുന്നു.
യുദ്ധം ആത്യന്തികമായി അവസാനിച്ചിട്ടില്ലെങ്കിലും യുഎഇയിലെ നിവാസികൾക്ക് പൂർണ സുരക്ഷിത്വത്തം ഉറപ്പുനൽകുകയാണ് യുഎഇയുടെ ഭരണാധികാരികൾ. ജനങ്ങൾക്ക് സുരക്ഷിതത്വത്തിന്റെ സന്ദേശം നൽകി കൊണ്ട് ദുബായി ഭരണാധികാരി ദുബായി മാളിലൂടെ നടക്കുകയും മാളിലെ സന്ദർശകരുമായി ഇടപഴകുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.
Kerala
കണ്ണൂർ: ‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് ’ എന്ന മുദ്രാവാക്യവുമായി അഖില കേരള കത്തോലിക്ക കോൺഗ്രസിന്റ 108 -ാം ജന്മവാർഷിക സമ്മേളനത്തിന്റെയും മഹാറാലിയുടെയും മുന്നോടിയായിട്ടുള്ള പതാക, ദീപശിഖ പ്രയാണങ്ങൾ ഇന്ന് കണ്ണൂരിലെത്തും.
കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്റെ നേതൃത്വത്തിൽ താമരശേരി രൂപതയിലൂടെ കടന്നുവരുന്ന കത്തോലിക്കാ കോൺഗ്രസ് പതാകപ്രയാണവും കണ്ണൂർ പെരിങ്കരിയിൽ ആനയുടെ കുത്തേറ്റു മരിച്ച ജസ്റ്റിന്റെ കബറിടത്തിൽനിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണവും വൈകുന്നേരം അഞ്ചിന് കണ്ണൂർ മഹാത്മ മന്ദിരത്തിനു സമീപത്ത് സംഗമിക്കും.
അവിടെനിന്ന് ഒരുമിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽ എത്തിച്ചേരും. തുടർന്ന്, ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ പതാക ഉയർത്തും.
വൈകുന്നേരം ആറിനു കണ്ണൂർ തെക്കിബസാറിലുള്ള തിരുക്കുടുംബ ദേവാലയത്തിൽ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി നടക്കും. നാളെ രാവിലെ 9.30ന് കണ്ണൂർ ശ്രീപുരം ക്നാനായ പാസ്റ്ററൽ സെന്ററിൽ കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി സമ്മേളനം നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിനാണ് ഒരുലക്ഷം പേർ പങ്കെടുക്കുന്ന മഹാറാലി. തുടർന്ന് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിൽ നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
Kerala
കോട്ടയം: മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാർ കോൺഗ്രസ് കൊടിമരം തകർത്ത് കൊടി കത്തിച്ചു.
പേട്ടക്കവലയിൽ വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. കൊടിമരം തകർത്ത പ്രതിഷേധക്കാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു.
ഏകദേശം 50 ഓളം പ്രവർത്തകരാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. കെകെ റോഡിലൂടെ പ്രകടനമായി എത്തിയ ശേഷമായിരുന്നു അക്രമം. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Kerala
പത്തനംതിട്ട: പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന് പാത്രിയര്ക്കീസ് ബാവായുടെ 94-ാമത് ദുഖ്റോനോ പെരുന്നാളിന് കൊടിയേറി. മഞ്ഞനിക്കര ദയറാ കത്തീഡ്രലിലെ വിശുദ്ധ മൂന്നിന്മേല് കുര്ബാനയ്ക്കു ശേഷം തുമ്പമണ് ഭദ്രാസനാധിപന് യൂഹാനോന് മാര് മിലിത്തിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിര്വഹിച്ചു.
മെത്രാപ്പോലീത്തമാരായ ഗീവര്ഗീസ് മാര് അത്താനാസിയോസ്്, മാത്യൂസ് മാര് തേവോദോസിയോസ്, കുര്യാക്കോസ് മാര് ഗ്രീഗോറിയോസ് എന്നിവര് സന്നിഹിനായിരുന്നു. വൈകുന്നേരം കബറിങ്കല് നിന്നും ഭക്തിനിര്ഭരമായി എത്തിച്ച കൊടി ഓമല്ലൂര് കുരിശിങ്കല് മഞ്ഞനിക്കര ദയറാ അധിപന് ഗീവര്ഗീസ് മാര് അത്താനാസിയോസ് മെത്രാപ്പോലീത്ത ഉയര്ത്തി. യാക്കോബായ സഭയിലെ എല്ലാ ദേവാലയങ്ങളിലും ഇന്നലെ പാത്രിയര്ക്കാദിനമായും ആചരിച്ചു.
13, 14 തീയതികളിലാണ് പ്രധാന പെരുന്നാള്. വിവിധ മേഖലകളില് നിന്നുള്ള പദയാത്രകള് 13ന് മഞ്ഞനിക്കരയിലെത്തും. വടക്കന് മേഖലയില് നിന്നുള്ള പ്രധാന തീര്ഥാടകസംഘം 13നു പുലര്ച്ചെയാണ് ഇക്കൊല്ലം എത്തുക. മറ്റു മേഖലകളിലെ പദയാത്രകള്ക്ക് ഉച്ചകഴിഞ്ഞ് മൂന്നു മുതല് ഓമല്ലൂര് കുരിശിങ്കല് സ്വീകരണം നല്കും.
ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയും പരിശുദ്ധ പാത്രിയര്ക്കീസ് ബാവയുടെ പ്രത്യേക ശ്ലൈഹിക പ്രതിനിധി പാത്രിയാര്ക്കല് സെക്രട്ടറി മാര് ജോസഫ് ബാലീ മെത്രാപ്പോലീത്തയും പെരുന്നാള് ശുശ്രൂഷകള്ക്ക് മുഖ്യകാര്മികരാകും.